കോട്ടയം: തിരുനക്കരയിലെ താത്കാലിക കടമുറികളുടെ നിര്മാണം പൂര്ത്തിയായെങ്കിലും വ്യാപാരികള്ക്ക് നല്കുന്നതില് അവ്യക്തത തുടരുന്നു. സ്വന്തംചെലവില് 36 കടമുറികള് പണിത് വയറിംഗ് ജോലികള് അധികൃതര് പറഞ്ഞ രീതിയില് പൂര്ത്തിയാക്കി. എന്നിട്ടും കടമുറികള് തുറക്കാനായില്ല. തുറന്നു പ്രവര്ത്തിച്ച നാലു കടയുടമകള്ക്ക് നോട്ടീസ് നല്കി ഒഴിപ്പിച്ചു.
തിരുനക്കര പഴയ ബസ് സ്റ്റാന്ഡില് 36 ലക്ഷം രൂപ ചെലവഴിച്ചു പണിത കടകളാണ് തുറക്കാന് കഴിയാതെ വ്യാപാരികള് ബുദ്ധിമുട്ടുന്നത്. ഹൈക്കോടതി ഉത്തരവുപ്രകാരം പണിത കടമുറികള് തുറക്കുന്നതിനു നഗരസഭ അനുമതി നല്കുന്നില്ലെന്നാണു പരാതി. ഇന്നു ചേരുന്ന കോട്ടയം നഗരസഭ കൗണ്സില് യോഗത്തില് ഇതുസംബന്ധിച്ച് അജണ്ട ക്രമീകരിച്ചിട്ടുണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. കടമുറികള് സംബന്ധിച്ച് അജണ്ട ഏറ്റവും അവസാനഭാഗത്താണ് ഉള്പ്പെടുത്തിയിരിക്കുന്നത്.
പഴയ സ്റ്റാന്ഡിലെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും 52 കടമുറികള്ക്ക് ഫിറ്റ്നസ് ഇല്ലെന്നും കാണിച്ച് വ്യാപാരികളെ 2022 ഒക്ടോബര് മൂന്നിനാണ് ഒഴിപ്പിച്ചത്.
തുടര്ന്ന് സെപ്റ്റംബര് 14നു കെട്ടിടം പൊളിച്ചുമാറ്റി. 2025 ജൂലൈ 17നു വ്യാപാരികള് ഹൈക്കോടതിയെ സമീപിച്ച് സ്വന്തം ചെലവില് താത്കാലികമായി കടകള് പണിയാന് അനുമതി വാങ്ങി.
അതേസമയം കെട്ടിട സമുച്ചയത്തിലെ വ്യാപാരികളെ വഴിയാധാരമാക്കിയിട്ടും പുതിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ രൂപരേഖ പോലും തയാറാക്കാന് നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. 2025 ഡിസംബറില് കാലാവധി കഴിയുന്നതുവരെ അന്നത്തെ ഭരണസമിതി വ്യാപാരികള്ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് കൗണ്സില് യോഗത്തില് അറിയിച്ചില്ല. കൗണ്സിലിന്റെ കാലാവധി കഴിഞ്ഞപ്പോള് സെക്രട്ടറിയുടെ നിര്ദേശപ്രകാരം നഗരസഭയുടെ കെട്ടിട നിര്മാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികള് പണിയാന് അനുമതി നല്കി. കടമുറികള് പകുതി പണിതീര്ന്നപ്പോള് പുതിയ ഭരണസമിതി ചുമതലയേറ്റു. ഇതോടെ നഗരസഭയില്നിന്നു സ്റ്റോപ് മെമ്മോ ലഭിച്ചു. കെട്ടിടനിര്മാണ വിഭാഗം അംഗീകരിച്ച ആദ്യ പ്ലാനില് പണിത കെട്ടിടം പകുതിഭാഗം പൊളിച്ചുമാറ്റിച്ചു. പുതിയ നിര്ദേശം അനുസരിച്ചാണു പിന്നീട് പണി പൂര്ത്തിയാക്കിയത്.
36 വ്യാപാരികളും ഒരു ലക്ഷത്തിനുമേല് പണം മുടക്കിയാണു കടമുറികള് നിര്മിച്ചത്. ഹൈക്കോടതി നിര്ദേശമനുസരിച്ചു കടമുറികള് പണിതതില് തെറ്റില്ലെന്നും എന്നാല്, നഗരസഭയുടെ മറ്റു നടപടിക്രമങ്ങള് പൂര്ത്തിയാക്കിയാലേ വ്യാപാരികള്ക്കു കടമുറി അനുവദിക്കാന് കഴിയൂവെന്നും നഗരസഭാധ്യക്ഷന് എം.പി. സന്തോഷ് കുമാര് പറയുന്നു. വ്യാപാരികള് വീണ്ടും നഗരസഭയ്ക്ക് അപേക്ഷ നല്കണം.
കട പരിശോധിച്ചു കെട്ടിട നമ്പര് നല്കും. അതിനുശേഷം വാടക നിശ്ചയിക്കും. ഏതൊക്കെ മുറികള് ഏതെല്ലാം വ്യാപാരികള്ക്ക് നല്കണമെന്നത് കൗണ്സില് യോഗം തീരുമാനിക്കും.
മുന്പ് ഇവിടെ ചെയ്തിരുന്ന കച്ചവടം മാത്രമേ നടത്താന് അനുവദിക്കൂ. നഗരസഭ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിയുമ്പോള് വ്യാപാരികള് അവരുടെ ചെലവില് ഇപ്പോഴത്തെ താത്കാലിക സംവിധാനം പൊളിച്ചുനീക്കണം. തുടങ്ങിയ നിര്ദേശപ്രകാരം മുന്നോട്ട് നീങ്ങിയെങ്കിലും നാളിതുവരെ കച്ചവടം ആരംഭിക്കാന് സാധിച്ചിട്ടില്ല.